Friday, April 27, 2012


കൊലപാതകം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കേണ്ട: പിണറായി

                                            
 ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ മരണം നടന്നയുടന്‍ സിപിഐഎമ്മാണ് കൊലയ്ക്ക് പിന്നിലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചത്, ഇത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആസൂത്രിതമായി വാടകക്കൊലയാളികളെ ഉപയോഗിച്ച് നടത്തിയ കൊലപാതകം സിപിഐഎമ്മിന്റെ തലയില്‍ വെയ്ക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. അന്വേഷണത്തെ സ്വാധീനിക്കാന്‍ യുഡിഎഫ് ശ്രമിക്കും എന്നതിന്റെ തെളിവാണ് ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം. എന്താണ് സംഭവമെന്ന് മനസിലാക്കുന്നതിന് മുന്‍പ് തന്നെ യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചതില്‍ നിന്ന് മനസിലാകുന്നത് സംഭവത്തെക്കുറിച്ച് അവര്‍ക്ക് ശരിയായ ധാരണയുണ്ടെന്നാണ്. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്റെ കൊലപാതകം തീര്‍ത്തും അപലപനീയമാണെന്നും കൊലപാതകത്തില്‍ പാര്‍ട്ടി ശക്തിയായി പ്രതിഷേധിക്കുന്നതായും പിണറായി പറഞ്ഞു.


പാര്‍ട്ടിക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്തുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്നത് സിപിഐഎമ്മിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മില്‍ നിന്ന് പുറത്തുപോയി സിപിഐഎമ്മിന്റെ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്നവരെ ആശയപരമായും രാഷ്ട്രീയപരമായും പാര്‍ട്ടി ശക്തിയായി നേരിടാറുണ്ട്. എന്നാല്‍ ഇവരാരെയും ശാരീരികമായി നേരിടാന്‍ പാര്‍ട്ടി ശ്രമിക്കാറില്ല. ചന്ദ്രശേഖരന് ദീര്‍ഘനാളായി വധഭീഷണിയുണ്ടായിരുന്നതായും അത് ചന്ദ്രശേഖരന്‍ മുല്ലപ്പള്ളിരാമചന്ദ്രനെയും മുഖ്യമന്ത്രിയടക്കമുള്ളവരെയും അറിയിച്ചിരുന്നെന്നുമാണ് മുഖ്യമന്ത്രിയും മുല്ലപ്പള്ളിയും പ്രതികരിച്ചത്. ചന്ദ്രശേഖരന് വധഭീഷണിയുണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് പൊലീസ് സംരക്ഷണം കൊടുത്തില്ലെന്ന് പിണറായി ചോദിച്ചു. ഇത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രതികരണങ്ങളെല്ലാം കൂട്ടി വായിക്കുമ്പോള്‍ വലിയതോതിലുള്ള ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.


ശെല്‍വരാജുമാര്‍ എല്‍ഡിഎഫില്‍ ഇനി ഉണ്ടാകില്ലെന്ന് മനസിലാക്കിയ യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തതാണിത്. പുറത്തുവരുന്ന വിവരമനുസരിച്ച് ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മനസിലാക്കുന്നത്. ക്വട്ടേഷന്‍ സംഘത്തെ സാധാരണ ഉപയോഗിക്കാറുള്ളത് യുഡിഎഫാണെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂരിലുണ്ടായ സംഭവം വ്യക്തമാക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടത്തി കൊലപാതക സംഘത്തെ കണ്ടെത്തണം. സിപിഎമ്മിനെതിരായ വ്യാജപ്രചരണങ്ങള്‍ വിലപ്പോകില്ല. കോഴിക്കോട് തന്നെയുള്ള തെരുവംപറമ്പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ ഒരു മുസ്ലീം സ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കള്ളക്കഥ കുറെ നാള്‍ പ്രചരിപ്പിച്ചെങ്കിലും പിന്നീട് ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു. ഇത്തരം കള്ളപ്രചരണങ്ങളെ മറികടന്നു കൊണ്ടാണ് പാര്‍ട്ടി മുന്നേറിയിട്ടുള്ളതെന്നുനം പിണറായി പറഞ്ഞു.


ഒഞ്ചിയത്ത് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍ തെറ്റ് മനസിലാക്കി തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത് അതാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഒരു കൊലപാതകത്തിന് മുതിരില്ലെന്ന് ചിന്തിച്ചാലറിയാം. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. യുഡിഎഫ് നേതാക്കളുടെ അപക്വമായ പ്രസ്താവനകളാണ് ഇത്തരം അക്രമങ്ങള്‍ക്ക് മുന്നില്‍. നിഷ്പക്ഷമായി അന്വേഷിച്ച് കൊലയാളികളെ നിയമത്തതിന് മുന്നില്‍ കൊണ്ടുവരണമെന്നും പിണറായി ആവശ്യപ്പെട്ടു.




ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ചു



റവല്യുഷണറി മാര്‍കിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്‍(51) ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി 10.15ഓടെ വടകര വള്ളിക്കാട്ടാണ് വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വടകരയില്‍ നിന്നും ഓര്‍ക്കാട്ടേരിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അക്രമം. അരമണിക്കൂര്‍ സമയം റോഡരികില്‍ കിടന്ന് ചോര വാര്‍ന്നാണ് മരിച്ചത്. തലക്കേറ്റ മാരകമായ വെട്ടാണ് മരണകാരണം. പൊലീസ് എത്തിയാണ് മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നോവ കാറിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ റവല്യുഷണറി മാര്‍കിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരനെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയശേഷം റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ടി രൂപീകരിക്കുകയായിരുന്നു. അപ്പുണ്ണി നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ്. രമയാണ് ഭാര്യ. നന്ദു മകനാണ്. സഹോദരങ്ങള്‍: മോഹന്‍ദാസ്, സുരേന്ദ്രന്‍, സേതുമാധവന്‍, ദിനേശ് കുമാര്‍. കൊലപാതകത്തെ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ശക്തമായി അപലപിച്ചു. കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ഇതിനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 പ്രതിഷേധത്തിന്റെ അലമാലകള്‍ തീര്‍ത്ത് ശനിയാഴ്ച വൈകിട്ട് അഞ്ചിന് അറബിക്കടലോരത്ത് മനുഷ്യസാഗരം ഇരമ്പും.
 പ്രതിഷേധത്തിന്റെ അലമാലകള്‍ തീര്‍ത്ത് ശനിയാഴ്ച വൈകിട്ട് അഞ്ചിന് അറബിക്കടലോരത്ത് മനുഷ്യസാഗരം ഇരമ്പും. ജീവനും സ്വത്തിനും തൊഴിലിനും സംരക്ഷണമാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ തീര്‍ക്കുന്ന മനുഷ്യസാഗരത്തില്‍ പൊതുസമൂഹമാകെ കണ്ണികളാകും. ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചുകൊന്ന അജീഷ് പിങ്കിന്റെ ജന്മനാടായ കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറൈ മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ 610 കിലോമീറ്ററാണ് മനുഷ്യസാഗരം തീര്‍ക്കുന്നത്. മത്സ്യമേഖലയിലെ എല്ലാ സംഘടനകളും ട്രേഡ്യൂണിയനുകളും ഉള്‍പ്പെടുന്ന ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മനുഷ്യസാഗരം. അഞ്ചിന് കൈകള്‍ കോര്‍ത്ത് മനുഷ്യസാഗരം തീര്‍ക്കും. തുടര്‍ന്ന് പ്രതിജ്ഞയും പൊതുസമ്മേളനവും നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തിരുവനന്തപുരം കത്തോലിക്ക അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ എന്നിവര്‍ തിരുവനന്തപുരത്തും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കൊല്ലത്തും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ എറണാകുളത്തും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആലപ്പുഴയിലും കണ്ണിചേരും. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആലപ്പുഴയിലും ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ കോഴിക്കോട്ടും കേരള കോണ്‍ഗ്രസ് നേതാവ് വി സുരേന്ദ്രന്‍പിള്ള, സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എം എം ലോറന്‍സ് എന്നിവര്‍ തിരുവനന്തപുരത്തും അണിചേരും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി ജനറല്‍സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ എറണാകുളത്ത് കണ്ണികളാവും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷാപദ്ധതികള്‍ ശക്തിപ്പെടുത്തി ഏകോപിപ്പിക്കുക, മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, വെടിവയ്പിലും കപ്പലിടിച്ചും തകര്‍ന്ന ബോട്ടുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മത്സ്യമേഖലയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി സംസ്ഥാന തീരദേശ ജാഗ്രതാ സമിതി രൂപീകരിക്കുക, കേസ് കാര്യക്ഷമമായി നടത്താന്‍ വിദഗ്ധ അഭിഭാഷകരെ ചുമതലപ്പെടുത്തുക, തീരത്തുനിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം കപ്പല്‍യാത്ര അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മനുഷ്യസാഗരത്തില്‍ ഉയര്‍ത്തുന്നത്.
                                       
                                         deshabhimani
                               

             

2 comments:

Admin said...

lalsalam

Unknown said...

Lal Salamm... Sagakalaee...
Suryan Karmeghagal vakanju kadanuu verumpole satyam oru naal kadanuu verumm...
Communism vijayikyatte